ചിറകുള്ള മനുഷ്യന്‍

കൊടികുത്തിമലയുടെ ഉച്ചിയിൽ എത്തി നിൽക്കുന്ന ഈ ചിത്രങ്ങൾ ഇവിടെ പങ്ക് വെച്ചുകൊണ്ട് പറയാൻ ആഗ്രഹിക്കുന്നത് യാത്രകളെക്കുറിച്ചോ അതിന്റെ ആത്മീയ അംശത്തെക്കുറിച്ചോ ഒന്നുമല്ല,വേറെ മൂന്ന് കാര്യങ്ങളാണ്.

സൗഹൃദം

മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രകാരം 90 ശതമാനം പൂർണമായും സ്ഥിരമായും നിശ്ചലാവസ്ഥയിലാണെന്റെ ശരീരം.സാധാരണ വീൽചെയറിൽ പോലുമല്ല എന്റെ സഞ്ചാരങ്ങൾ.എന്നിട്ടും ഏതാണ്ട് മൂന്ന് കിലോമീറ്ററുകളോളം ചെങ്കുത്തായ മലമടക്കുകളിലൂടെ അവിടെ എത്തിയത് ഉയിർ കണക്കെ ഉൾച്ചേർന്നവരുടെ തോളിലേറിയാണ്. എന്തിനാണ് സൗഹൃദങ്ങളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും കൂടുതൽ സംസാരിക്കുന്നതെന്ന് പലയിടങ്ങളിൽ നിന്നും നേരിടുന്ന ചോദ്യങ്ങൾ നിന്നാണ്.മനുഷ്യരിൽ വിശ്വസിക്കുകയും മനുഷ്യരിൽ ആഴത്തിൽ വിശ്വസിക്കുകയും ചെയ്യുന്നവരോടൊപ്പമാണ് എന്നും വളർന്നിട്ടുള്ളത്.പിന്നെ ആരെക്കുറിച്ച്,എന്തിനെക്കുറിച്ചാണ് ഞാൻ സംസാരിക്കേണ്ടത്.സഹ ഉദരം ആണത്രേ സഹോദരം ആയത്.ദൈവമേ വാക്കുകളുടെ പരിമിതി ഓർത്ത് ഊറിച്ചിരിക്കാതെ നിവൃത്തിയില്ലല്ലോ.

ഉടൽ

വികലാംഗൻ മുതൽ ദിവ്യാംഗ് വരെയുള്ള പദപ്രയോഗങ്ങളിലൂടെയാണ് ശരീരവയവങ്ങൾ നിശ്ചലമായവരെ സമൂഹം പേരിട്ട് വിളിച്ചിട്ടുള്ളത്.കൊടികുതിമലയുടെ മുകളിൽ എത്തുകയെന്നത് അത്ര വല്യ കാര്യമൊന്നുമല്ല.വേണമെന്ന് വെച്ചാൽ ആർക്കും വന്ന് കേറാവുന്ന ഒരിടം മാത്രമാണത്.എന്നിട്ടും ഭൂമിമലയാളത്തിലെ മൂന്ന് കോടിയിലധികം ജനങ്ങളിലും അവരിലെ സഞ്ചാരപ്രിയരിലും ഒരു ചെറുശതമാനം പോലും അവിടെ എത്തിയിട്ടില്ലായെങ്കിൽ ഇനി ഉടലിന്റെ പേരിൽ അഭിസംബോധന ചെയ്യരുത്.അല്ലേലും കറുത്തവനെയും കുറിയവനെയും തടിച്ചവനെയും പുറംതള്ളി ചിലയിടങ്ങളിൽ വീർത്തും മറ്റു ചിലയിടങ്ങൾ ഒട്ടിയും ഒതുങ്ങി നിൽക്കുന്നതാണ് ഭംഗിയുള്ള ശരീരമെന്ന നിങ്ങളുടെ സവർണ്ണ കാഴ്ചപ്പാടുണ്ടല്ലോ അതിനെ ചലനമറ്റ, കുമ്പയുള്ള,തടിച്ച,പേശികളൊഴിഞ്ഞ കൈകാലുകളുള്ള ഞാനൊന്ന് പരിഹസിച്ചോട്ടെ.ഉടലല്ല സുഹൃത്തേ ഉയിരാണ്പ്രധാനം.

ആത്മഹത്യ

വളരെയടുത്തും നേരിടേണ്ടി വന്ന ചോദ്യങ്ങളിൽ ഒന്നാണ് റഈസ് എത്ര തവണ ആത്‍മഹത്യയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്ന്. അവർക്ക് സംശയങ്ങളില്ല ഞാനാലോചിച്ചിട്ടുണ്ടോ ഇല്ലയോ,അതെത്ര തവണ എന്നു മാത്രമേ അറിയേണ്ടതുള്ളു.
പ്രിയപ്പെട്ടവരെ നോക്ക് ജീവിതത്തിന്റെ സ്നേഹനുഭവങ്ങളുടെ പെരുമഴ നനഞ്ഞുകൊണ്ടിരിക്കുകയാണ് ഈയുള്ളവൻ.ആ മഴയത്ത് നിന്നുകൊണ്ട് മരണത്തെകുറിച്ചല്ല,ഒന്നൂടെ പറയട്ടെ മരണത്തെക്കുറിച്ചേയല്ല സുഹൃത്തെ ജീവിതത്തെ കുറിച്ചാണ് സംസാരിക്കാനുള്ളത് , ഉറക്കെ പാടാനുള്ളത്.