”നിങ്ങള്‍ നഷ്ടം നികത്തിയപ്പോള്‍ ഇല്ലാതായത് ഞങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ”; കെ.യു.ആര്‍.ടി.യില്‍ നിന്നും വീല്‍ചെയര്‍ സൗകര്യം എടുത്തുമാറ്റി അധികൃതര്‍

”കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം നികത്താന്‍ വേറെയും നൂറ് നൂറ് പോംവഴികള്‍ ഉള്ളപ്പോള്‍ ഞങ്ങളുടെ സ്ഥലം എന്തിനാണ് സാര്‍ കവര്‍ന്നെടുക്കുന്നത്. വെറുമൊരു റാമ്പും ഇത്തിരി സ്ഥലവുമല്ല സാര്‍ അത്, ഞങ്ങളുടെ സ്വപ്നങ്ങളാണ്, ഞങ്ങളുടെ പ്രതീക്ഷകളാണ്. ഒരുപാട് കാലം ജനലുകളും വാതിലുകളും ഉണ്ടായിട്ടും നാലു ചുവരുകള്‍ക്കുള്ളില്‍ ഒത്തുക്കപ്പെട്ടവര്‍ ആയിരുന്നു സാര്‍ ഞങ്ങള്‍. ഞങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ നീലകാശങ്ങളിലേക്ക് വാതില്‍ തുറന്ന ഒന്നായിരുന്നു സാര്‍ ഈ ബസ് സൗകര്യം. ഞങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം. ഞങ്ങളുടെ അന്തസ്സും അഭിമാനവുക്കെയായിരുന്നു ഈ ബസ്”- കെ.യു.ആര്‍.ടി.സി ലോ ഫ്ളോര്‍ ബസ്സുകളില്‍ നിന്നും വീല്‍ചെയര്‍ സംവിധാനം എടുത്തുകളഞ്ഞ ഗതാഗത വകുപ്പിന്റെ നടപടിയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനെ അഭിസംബോധന ചെയ്ത് മുഹമ്മദ് ഫാസില്‍ വി.പി എന്ന വിദ്യാര്‍ത്ഥി കുറിച്ച വാചകങ്ങളാണ് ഇത്.

2016 ലാണ് കെ.യു.ആര്‍.ടി.സിക്ക് കീഴില്‍ കേരളത്തില്‍ ഓടുന്ന എല്ലാ എ.സി ലോ ഫ്ളോര്‍ ബസ്സുകളിലും വീല്‍ചെയര്‍ സൗകര്യം ഒരുക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്.എന്നാല്‍ ഏതാണ്ട് ഒരു മാസം മുന്‍പ് ലോ ഫ്ളോര്‍ ബസ്സുകളില്‍ നിന്നും ഈ സൗകര്യം എടുത്തുമാറ്റി. വീല്‍ചെയര്‍ ലോക്ക് ചെയ്ത് വെക്കാനുള്ള ഇടത്ത് കുറച്ച് സീറ്റുകള്‍ പകരം ഘടിപ്പിക്കുകയും ചെയ്തു. ഇതോടെ റാംപ് ഉപയോഗിച്ച് ബസ്സിനകത്ത് കടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോഴെന്ന് ഈ സൗകര്യം നേരത്തെ ഉപയോഗിച്ചിരുന്നവരില്‍ ഒരാളായ ഫാസില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

”ബസ്സിന്റെ ഡോര്‍ തുറന്ന് വീല്‍ചെയര്‍ സുരക്ഷിതമായി ഒതുക്കിവെക്കാനും വീല്‍ ചെയര്‍ ലോക്കു ചെയ്യാനുമുള്ള സംവിധാനമായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. ഇത് വളരെ സൗകര്യപ്രദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്നാല്‍ ആ ഗ്യാപ് അവര്‍ എടുത്തുമാറ്റി. പകരം അവിടെ മൂന്ന് സീറ്റ് ആഡ് ചെയ്തു. ഇത്രയും കാലം നമുക്ക് റാംപ് വെച്ച് കയറാമായിരുന്നു. വണ്ടി തിരിച്ച് വെക്കാനും കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ റാംപ് വെച്ച് കയറാന്‍ പറ്റില്ല. വണ്ടി തിരിക്കാനും പറ്റില്ല.

നിലവില്‍ റാമ്പ് വഴി അകത്ത് കയറിയാല്‍ റാമ്പ് തിരിച്ച് മടക്കാനും ഡോര്‍ അടക്കാനും സാധിക്കില്ല. അത്‌കൊണ്ട് ഇപ്പോള്‍ വീല്‍ചെയറുകള്‍ എടുത്തു വെക്കേണ്ട അവസ്ഥയാണ്. വീല്‍ചെയറിന് വലിയ ഭാരമുണ്ട്. ഒറ്റയ്ക്ക് പൊന്തിക്കാന്‍ കഴിയില്ല. ആരുടേയെങ്കിലും സഹായം വേണം. നമ്മുടെ നാട്ടിലൊക്കെയാണെങ്കില്‍ സഹായത്തിന് ആരെയെങ്കിലും കിട്ടും. പക്ഷേ പുറത്തൊക്കെ പോയാല്‍ ആരേയും കിട്ടില്ല. ഇരുത്തം ഡോറിന്റെ അടുത്തായതിനാലും ലോക്കില്ലാത്തതിനാലും ഒട്ടും സുരക്ഷിതമല്ല ഇപ്പോഴുള്ള യാത്രയെന്നും ഫാസില്‍ പറയുന്നു.

വീല്‍ ചെയര്‍ പൊക്കി വെക്കുക എന്നതല്ലല്ലോ ഇതിന്റെ വഴി. നമുക്ക് കാര്യങ്ങള്‍ സുഗമമായി ചെയ്യാന്‍ കഴിയുന്ന ഒരു സൗകര്യമല്ലേ വേണ്ടത്. അങ്ങനെയുള്ള ഫെസിലിറ്റിയാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.

ആദ്യം ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ എന്താണ് ഇങ്ങനെയെന്നും എന്താണ് സംഭവമെന്നും കണ്ടക്ടര്‍മാരോട് അന്വേഷിച്ചു. ചില കണ്ടക്ടര്‍മാരുമായി സംസാരിച്ചപ്പോഴാണ് കുറച്ചുദിവസമായി ഇങ്ങനെയെന്ന് മനസിലായത്. മുകളില്‍ നിന്നും വന്ന ഉത്തരവാണെന്നും ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്. നിങ്ങള്‍ ആരെങ്കിലും പരാതി നല്‍കിനോക്കൂ എന്നും പറഞ്ഞു.

നിലവില്‍ കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാണല്ലോ. ലോ ഫ്ളോര്‍ വലിയ കുഴപ്പമില്ലാതെ ഓടുന്നുണ്ട്. അപ്പോള്‍ നാല് സീറ്റ് അധികം വെച്ചാല്‍ അവര്‍ക്കത് ഒരു ഗുണമാകും. വീല്‍ചെയറിനുള്ള ഫെസിലിറ്റി അല്ലേ പോകുള്ളൂ. ഇതെല്ലാം അവരുടെ കാര്യമാണ്. വീല്‍ചെയര്‍ ഫ്രണ്ട്‌ലി ഫെസിലിറ്റിയെന്ന് പറഞ്ഞ് ഓടുന്ന ബസ്സില്‍ നിന്നും ആ ഫെസിലിറ്റി ഇല്ലാതാക്കി. ആദ്യത്തെ രണ്ട് മൂന്ന് വര്‍ഷം അത് അങ്ങനെ തന്നെ പോയി. ഇപ്പോള്‍ ശബരിമലയുടെ പ്രശ്നം കൂടി വന്നതോടെ ആളുകളുടെ ശ്രദ്ധയില്‍ ഇത് പെടുന്നുമില്ല. – ഫാസില്‍ പറയുന്നു.

വിഷയത്തില്‍ ഗതാഗത മന്ത്രിക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ് ഫെഡറേഷനും പറയുന്നു.

”രണ്ട് മൂന്ന് പരാതികള്‍ ഗതാഗതമന്ത്രിക്ക് നല്‍കിയിരുന്നു. എം.ഡിക്ക് പരാതി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിനും ഉടന്‍ തന്നെ പരാതി നല്‍കും. ഗതാഗതമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല”- ഫെഡറേഷന്‍ വ്യക്തമാക്കുന്നു.

ഭിന്നശേഷിക്കാര്‍ക്കെന്ന് പറഞ്ഞ് വരുന്ന പല പ്രഖ്യാപനങ്ങളും പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങുകയാണെന്ന ആരോപണം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. ”ഭിന്നശേഷിക്കാര്‍ക്ക് പെന്‍ഷന്‍ മാത്രം നല്‍കി ഒതുക്കുകയാണ്. മറ്റു കാര്യങ്ങളൊന്നും ചെയ്യുന്നില്ല. പഞ്ചായത്തുകളും ഓഫീസുകളും സ്‌കൂളുകളുമെല്ലാം യഥാര്‍ത്ഥത്തില്‍ വീല്‍ചെയര്‍ ഫ്രണ്ട്ലി ആക്കേണ്ടതുണ്ട്. അങ്ങനെ ഒരു നിയമം ഉണ്ട്. ബില്‍ഡിങ് സ്ട്രക്ചര്‍ പോലും അങ്ങനെയാകണം. എന്നാല്‍ അതൊന്നും ആരും ശ്രദ്ധിക്കാറില്ല. തങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ ആകെ പറ്റുന്നത് ഈ കെ.യു.ആര്‍.ടി.സിയില്‍ മാത്രമാണ്. അതും എടുത്ത് കളയുമ്പോ പ്രതികരിക്കാതിരിക്കാന്‍ പറ്റുന്നില്ലെന്നും ഇതിനെതിരെ ശബ്ദിക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ഇല്ലാത്ത സൗകര്യം ഉണ്ടാക്കാനല്ല.ഉള്ളത് എടുത്ത് കളഞ്ഞതിനെതിരെയുള്ളതാണ് ഈ പ്രതിഷേധം. സഞ്ചാര സ്വാതന്ത്യത്തിന്റെ ഈ ലംഘനം വെച്ചുപൊറുപ്പിക്കാന്‍ ഉദ്ദേശമില്ലെന്നും മുഹമ്മദ് ഫാസില്‍ പറയുന്നു.ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും നിലവിലുള്ളൊരു സംവിധാനം എടുത്തുകളയുക എന്നത് വലിയ വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും കേരള വികലാംഗ സംയുക്ത സമിതി പ്രതികരിച്ചു. നടപടിക്കെതിരെ പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് വികലാംഗ സംയുക്ത സമിതി സംസ്ഥാന ഭാരവാഹിയായ കെ. ബാലന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.