നമ്മുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായുള്ള ക്യാമ്പയ്നു വേണ്ടി രൂപപ്പെട്ട നമ്മുടെയീ കൂട്ടായ്മ ഒരു പരിണാമഘട്ടം പിന്നിട്ട് ഇപ്പോൾ ഒരു സംഘടനാരൂപം കൈവരിച്ചു കഴിഞ്ഞു. ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ (AKWRF) എന്ന സംഘടന പിറവി കൊണ്ടത്. സ്പൈനൽ കോഡ് തകരാറിലായ വ്യക്തികളുടെ ഒരു ദേശീയ തല കൂട്ടായ്മയായ 'ദി സ്പൈനൽ ഫൗണ്ടേഷൻ' - ന്റെ കേരളത്തിലെ വാട്സ് ആപ്പ് ഗ്രൂപ്പായ 'സ്പൈനൽ കേരള' യിലെ അംഗങ്ങൾക്കിടയിൽ നടന്ന ആരോഗ്യ സംബന്ധമായ ചർച്ചകളിലും സൗഹൃദ സംഭാഷണങ്ങളിലുമാണ് AKWRF ന്റെ ബീജാവാപം നടന്നത്. കിടക്കുന്നവരുടേയും വീൽചെയറിൽ ഇരിക്കുന്നവരുടേയും ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിനായി ഒരു പ്രചാരണപരിപാടി വേണമെന്ന ആശയമാണ് ആദ്യം മുന്നോട്ടു വയ്ക്കപ്പെട്ടത്. അത് ഗ്രൂപ്പ് അംഗങ്ങൾ സർവ്വാത്മനാ സ്വാഗതം ചെയ്യുകയും തുടർന്നുള്ള ചർച്ചകളുടെ ഫലമായി ഭാവി പരിപാടികളെക്കുറിച്ചുള്ള കൂടിയാലോചനക്കായി വീൽചെയറിലിരിക്കുന്നവരുടെ ജില്ലാതല സംഗമങ്ങൾ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. പിന്നെ അതിന്റെ സംഘാടനത്തിനായി ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും എല്ലാ ജില്ലകളിലേയ്ക്കും രണ്ടും മൂന്നും പേരെ വീതം കോ ഓർഡിനേറ്റമാരായി തെരഞ്ഞെടുത്തു. പിന്നീട് മലപ്പുറം ജില്ലയിൽ 16-ജൂൺ 2016 ന് ആദ്യ വീൽചെയർ സംഗമം നടന്നതു തുടർന്നു പാലക്കാട്‌, വയനാട്, തൃശ്ശൂർ തുടങ്ങി ഏറ്റവും ഒടുവിൽ കോട്ടയം ജില്ലയിലെ വീൽചെയർ സംഗമത്തോടെ 14 ജില്ലയിലേയും സംഗമങ്ങൾ പൂർത്തിയാവുകയും ചെയ്തു. ഈ കൂട്ടായ്മകളിൽ വീൽചെയർ അംഗപരിമിതരുടെ പ്രശ്നങ്ങളേയും ആവശ്യങ്ങളേയും കുറിച്ച് വിശദമായ ചർച്ച നടന്നു. അതിൽ പങ്കെടുത്ത എല്ലാവരിൽ നിന്നും ഉയർന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് ഗവൺമെന്റിനു സമർപ്പിക്കേണ്ട നിവേദനങ്ങളിൽ ഉൾപ്പെടുത്തുന്നതിനായി നമ്മുടെ ആവശ്യങ്ങളുടെ ഒരു പട്ടികയും തയ്യാറാക്കി. ഈ ഘട്ടത്തിൽ പല അംഗങ്ങളും ഈയൊരു ക്യാമ്പയിന്റെ വിജയത്തിനും അതു തുടർന്നും മുന്നോട്ടു കൊണ്ടു പോകുന്നതിനും ഒരു സംഘടന ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചു. തുടർന്ന് സംഘടന വേണമെന്ന കാര്യത്തിൽ ഒരു പൊതുസമ്മതി നമ്മുടെ കൂട്ടായ്മയിൽ ഉരുത്തിരിയുകയുണ്ടായി. അത് AKWRF - ന്റെ രൂപവത്ക്കരണത്തിന് വഴി തെളിക്കുകയും ചെയ്തു.

ഇനി നമ്മുടെ സമരം പൂർവ്വാധികം ശക്തിയോടെ അതിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണ്. നമ്മൾ കേരളത്തിലെ 14 ജില്ലകളിലേയും ആസ്ഥാനങ്ങളിലെ കലക്ടറേറ്റുകളിലേക്കു മാർച്ച് നടത്താനും ഇതിനകം തയ്യാറാക്കിയ ആവശ്യങ്ങളടങ്ങിയ നിവേദനം സമർപ്പിക്കാനും തീരുമാനിച്ചിട്ടുള്ള വിവരം എല്ലാവർക്കും അറിയാമെന്നു കരുതുന്നു. ലോക വികലാംഗദിനമായ ഡിസംബർ 3 ആണ് നാം അതിനായി തെരഞ്ഞെടുത്തിട്ടുള്ള ദിവസം. "അവകാശികളെ ഉണരൂ " എന്നായിരുന്നു നമ്മുടെ മുദ്രാവാക്യം.. എക്കാലവും അവഗണിക്കപ്പെടുന്ന, സമൂഹത്തിലെ ഏറ്റവും ദുർബ്ബലരും പാർശ്വവത്ക്കരിക്കപ്പെട്ടവരുമായ കിടപ്പു, വീൽചെയർ വികലാംഗരെ ഇനിയും അവഗണിക്കരുതെന്നും തങ്ങൾക്കു വേണ്ടി ശബ്ദമുയർത്താനും സമരം ചെയ്യാനുമുള്ള കഴിവ് നമുക്കുമുണ്ടെന്നും സർക്കാരിനെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്.



കേരളമെമ്പാടുമുള്ള ധാരാളം വീടുകളിലായി ആയിരക്കണക്കിനു കട്ടിൽ, വീൽചെയർ അംഗപരിമിതരുടെ ഒരു നിശബ്ദ സമൂഹം വിധിക്കു കീഴടങ്ങി ജീവിതം തള്ളി നീക്കുന്നുണ്ട്. ശരീരികപരാധീനതകളാൽ വീടുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയുന്ന അവസ്ഥ അവരെ പൊതുസമൂഹത്തിന്റെ ദൃശ്യപരിധിക്കു പുറത്താക്കുന്നു. സമൂഹത്തിന്റെ കാഴ്ചവട്ടത്തിലെ നമ്മുടെ ഈ അസാന്നിദ്ധ്യവും നമ്മളും ഈ സമൂഹത്തിന്റെ ഭാഗമാണെന്നും ഈ ലോകം നമുക്കു കൂടി അവകാശപ്പെട്ടതുമാണെന്ന കാര്യം സമൂഹത്തേയും ഭരണകൂടത്തേയും ബോദ്ധ്യപ്പെടുത്തന്നതിനു വിഘാതം സൃഷ്ടിക്കുന്നു. ഇതിനു മാറ്റം വരേണ്ടതുണ്ട്. അതുകൊണ്ടു തന്നെ നമ്മൾ നടത്താനിരിക്കുന്ന കലക്ടറേറ്റ് മാർച്ച് വീൽചെയർ സുഹൃത്തുക്കളുടെ സജീവമായ പങ്കാളിത്തത്താൽ വൻവിജയമാകേണ്ടത് അനിവാര്യമാണ്.

2016 കേരളത്തിലെ വീൽചെയർ അംഗപരിമിതരെ സംബന്ധിച്ച് ചരിത്രപരമായ ഒരു വർഷമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകൾക്കുള്ളിൽ കഴിഞ്ഞു കൂടുന്ന നമ്മൾ മറ്റാരുടേയും സഹായമില്ലാതെ സോഷ്യൽ മീഡിയയിലൂടെ സംസ്ഥാന തലത്തിൽ ആദ്യമായി ഒരു ശക്തമായ കൂട്ടായ്മ രൂപീകരിച്ചു. പിന്നെ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി വീൽചെയർ അംഗപരിമിതരുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുന്നതിനായി ഒരു സംഘടന രൂപവത്ക്കരിച്ചു. നമുക്കു വേണ്ടിയുള്ള നമ്മുടെ സമരങ്ങൾ ഇവിടെ നിന്നും ആരംഭിക്കുകയാണ്. ഈ സംഘടനയ്ക്കു ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ, ഒരു താത്പര്യമേയുള്ളൂ, ഒരു സ്വപ്നമേയുള്ളൂ. അത് കട്ടിൽ, വീൽചെയർ അംഗപരിമിതരുടെ അവകാശങ്ങൾ നേടിയെടുക്കുന്നത് വഴി സർവ്വതോന്മുഖമായ ക്ഷേമം മാത്രം. ഇതിനു മുൻപിൽ മറ്റു വിഷയങ്ങളും പ്രശ്നങ്ങളുമൊന്നും നമുക്ക് മാർഗ്ഗതടസങ്ങളുണ്ടാക്കരുത്. അത് നമ്മുടെ ലക്ഷ്യബോധത്തേയും നിശ്ചചയദാർഢ്യത്തേയും ബാധിക്കാനിടയാക്കും. ഈ പോരാട്ടം വിജയം കാണുക എന്നതു മാത്രമാണ് നമ്മുടെ ലക്ഷ്യം. അതിനായി എല്ലാവരും ദൃഢനിശ്ചയത്തോടെ, ഒറ്റ മനസ്സോടെ സഹകരിക്കുക, ഒന്നു ചേരുക, പോരാടുക

Top